By RATHEESH TP
Last updated on 6th September, 2019

നവോദയ വിദ്യാലയത്തിലെ അദ്ധ്യാപക ദിനാഘോഷം ഏവരും ഓർക്കുന്നുണ്ടാകും........വിദ്യാർത്ഥികൾ അദ്ധ്യാപകരാകുന്നു....തനിക്ക് മികവുള്ള വിഷയത്തിൽ, അതാത് അദ്ധ്യാപകനെ/അദ്ധ്യാപികയെ അനുകരിക്കാൻ വിദ്യാർത്ഥി അദ്ധ്യാപകർ ശ്രമിക്കുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഒന്നോ രണ്ടോ ആഴ്ച മുൻപേ തന്നെ  തുടങ്ങുമെന്നതാണ് മറ്റൊരു കാര്യം...!!!

മുമ്പ് പഠിച്ച ക്ലാസുകളിലെ, ഒരുപാഠം ഒരിക്കൽ കൂടി കാര്യമായി പഠിച്ചെടുത്ത്...കൃത്യമായി ജൂനിയർ ക്ലാസുകളിൽ  പഠിപ്പിക്കാൻ ശ്രമിക്കും. അദ്ധ്യാപകർ ക്ലാസുകളിലെ അവസാന ബെഞ്ചുകളിലിരുന്നു വിദ്യാർത്ഥി അദ്ധ്യപകരെ വിലയിരുത്തും...കുട്ടികൾ ഇരുന്നു ക്ലാസുകൾ ശ്രദ്ധിക്കും...ചില കുസൃതികൾ 'ചേട്ടൻ'മാരെയും 'ചേച്ചി'മാരെയും കുടുക്കാനായി  കുടിലശ്രമങ്ങൾ നടത്തും...ഇങ്ങനെയൊക്കെയായിരുന്നു 2000മാണ്ട് വരെ നവോദയിലെ അദ്ധ്യാപകദിനങ്ങൾ...

അധികാരം ഇല്ലാതെ ഉത്തവാദിത്ത്വങ്ങൾ മാത്രം വിദ്യാർത്ഥികൾ ഏറ്റെടുക്കുന്നതായി 'അനുകരിക്കുന്ന'  ദിവസം.

2000 ലെ അദ്ധ്യാപക ദിനം....എല്ലാ വിഷയങ്ങളും വീതം വെച്ചപ്പോൾ.... അവസാനം ഒഴിഞ്ഞു വന്നൊരു 'വേക്കൻസി' 'മലയാളം' മാത്രമായിരുന്നു...!!! പ്രസ്തുത വിഷയത്തിന്റെ ക്ലാസ് എടുക്കുമ്പോൾ സതീഷ് ബാബു സാറിനെ (....എന്ന   'മലയാളം മഹാമേരുവിനെ') അഭിമുഖീകരിക്കേണ്ടി വരുമെന്ന പേടി തന്നെ ആയിരുന്നു, അങ്ങനെയൊരു ഒഴിവ് വരാൻ കാരണം....!!!

...2000 ലെ ആ അദ്ധ്യാപക ദിനത്തിൽ, 'മലയാളത്തിൽ' പെട്ടു പോയ 'വിദ്യാർത്ഥി സതീഷ് ബാബു സാർ' ....രണ്ടു ക്ലാസുകളിലായി ക്ലാസുകളെടുത്തു. രണ്ടു ക്ലാസുകളിലായി 'കാവ്യ നർത്തകിയും', മറ്റൊരു കവിതയായ 'ആവണിപാടവും' ജൂനിയർ ക്ലാസിലെ കുട്ടികൾക്ക് ...ചൂരലിന്റെ അകമ്പടിയില്ലാതെ പറഞ്ഞു 'പഠിപ്പിച്ചു' കൊടുത്തു...ക്ലാസും കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ....'വിദ്യാർത്ഥി സാറി'ന്റെ മനസിൽ  ചെറിയൊരു ആഗ്രഹം....!!

മെല്ലെ തന്റെ പെട്ടിയുടെ താക്കോലെടുത്ത്, താക്കോൽ തന്റെ പച്ചകളർ പാന്റിന്റെ പോക്കറ്റിനു പുറത്ത് കാണും വിധം പാതി അകത്തും പുറത്തുമായിട്ടു, പിന്നെ ചെരിപ്പ് ചെറുതായി തറയിൽ ഉരസിയൊരു  നടത്തം....

ഒന്നാം നിലയിലെ (പഴയ) കപ്യുട്ടർ ലാബിന്റെ മുന്നിലുള്ള പടികളിലൂടെ താഴെ ഇറങ്ങാതെ, കെട്ടിടത്തിന്റെ നടുവിലുള്ള പടികൾ വഴി താഴോട്ടിറങ്ങിയത് നാലാളെ ഈ 'താക്കോൽ പ്രകടനം'  കാണിക്കാൻ മാത്രമായിരുന്നു....!!

....നാലാമത്തെ സ്റ്റെപ്പ് ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞപ്പോൾ ....മുകളിലേക്ക് കയറി വരുന്ന മാർഗരറ്റ് ടീച്ചർ...!!

"....കുട്ടീ...കുട്ടിയുടെ താക്കോല്...താഴെ വീണു പോകും..."

ടീച്ചറ് നന്നായി പ്രാസമൊപ്പിച്ചു തന്നെ കുട്ടിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കി.

തന്റെ താക്കോൽ പ്രകടനം...ഒരാളെങ്കിലും ശ്രദ്ധിച്ചല്ലോ എന്നതിൽ വിദ്യാർത്ഥി സാർ സന്തോഷവാനായി. തക്കോൽ പ്രകടനത്തിന്റെ 'സാരാംശം' ടീച്ചർക്ക് മനസിലായില്ലെങ്കിൽ കൂടിയും.

   രണ്ടു പടി കൂടി തഴേക്കിറങ്ങുമ്പോഴേക്കും,  ഈ രംഗങ്ങൾ എല്ലാം തന്നെ വീക്ഷിച്ച് താഴെ ....ബെല്ലു കെട്ടി തൂക്കിയിട്ടിരിക്കുന്ന മഹത്തായ വരാന്തയിൽ, മുമ്പേ സൂചിപ്പിച്ച  'മഹാമേരു സാർ'  നിൽപുണ്ടായിരുന്നു.

"... ക്ലാസ് നന്നായിരുന്നു...." എന്ന് ഒർജിനൽ സാർ

"..സർർർർ..." പാതി വിറയലും തളർച്ചയും കൂടിയ വിദ്യാർത്ഥി സാറിന്റെ മറുപടി.

സാറിനെ കണ്ടമാത്രയിൽ 'വിദ്യാർത്ഥി സാറി'ന്റെ താക്കോൽ കീശയ്ക്ക് അകത്തു കടന്നിരുന്നു....കാരണം സാറിന്റെ താക്കോൽ കൂട്ടം അപ്പോഴും കീശയ്ക്ക് പുറത്ത് തത്തി കളിക്കുകയായിരുന്നു.

  • പഴയൊരു മധുര സ്മരണ.

All Comments

[[fullname]][[updated_at]]

[[comment]]

Show Older Comments Loading comments...