29th September, 2018
നാടൻ സംസ്‌കൃതിയുടെ കാലാതീതമായ അനുഭവം പേറുന്ന ശീലുകൾ ആണ് നാടൻ പാട്ടുകൾ. അത്താഴം കഴിഞ്ഞുലാത്തവേ വെറുതെ കേട്ട് മറന്നു കളയാനുള്ളതല്ല അവയുടെ ഉദ്ബോധനങ്ങൾ. വേരുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഏതു മനുഷ്യന്റെയും വഴി തെളിയിക്കുന്ന കൈവിളക്കുതിരികളാണ് നാടൻ പാട്ടുകൾ: അസ്തിത്വത്തിന്റെ ആധാരങ്ങൾ തിരയുന്ന ആധുനിക ലോകത്തിനു കേൾക്കാൻ പൂർവികർ സ്വരുക്കൂട്ടി വെച്ച ആഴത്തിലുള്ള ഉത്തരങ്ങൾ.
കേരളത്തിലെ തനതു വംശവിഭാഗങ്ങൾ അവരുടെ ചരിത്രം എഴുതി വെച്ചിരിക്കുന്നത് പാട്ടുകളിലാണ്. അവരുടെ ആഘോഷവും ആവലാതിയും ഗാഢതാളങ്ങളിൽ ഈ പാട്ടുകളിൽ മുദ്രിതമായിരിക്കുന്നു. അവയെ ആവർത്തിച്ച് ചൊല്ലുമ്പോൾ, ചൊല്ലിയാടുമ്പോൾ, ചരിത്രത്തിന്റെ വിസ്മൃത വനസ്ഥലികളിലേക്ക് അറിയാതെ കടന്നു ചെല്ലുകയാണ് നാം; ഊറി നിൽക്കുന്ന വേദനയുടെയും വീരതയുടെയും ഉന്മാദങ്ങളിലേക്കു തീർത്ഥയാത്രികർ എന്നോണം ചെല്ലുകയാണ്, കഴിഞ്ഞ കാലത്തിൻറെ ഘനീഭൂതമായ മഞ്ഞിൽ നിന്ന് തിരിച്ചറിവിൻറെ നിലാവ് നനയുകയാണ്. സമൃദ്ധമായ വാമൊഴികളുടെ ജലപാതം വീണു ശുദ്ധീകരിക്കപ്പെടുകയാണ്.
വിദ്യാലയാങ്കണത്തിൽ നാടൻ പാട്ടുകളുടെ ഒരു സായാഹ്നം എന്നത് അത് കൊണ്ട് തന്നെ ആഘോഷങ്ങളുടെ മറ്റൊരു പതിപ്പ് എന്ന രീതിയിൽ അല്ല ഞങ്ങൾ വിഭാവനം ചെയ്യുന്നത്. പ്രളയക്കെടുതികളുടെ നടുവിൽ വലയുന്ന നാടിന്റെ സമകാലിക ചിത്രത്തിൽ വേരുകൾ തേടിയുള്ള ഈ ഒത്തുചേരൽ അതിലപ്പുറം പ്രസക്തിയുള്ള ഒരു ആശയമായി മാറുന്നു. കേരളത്തിന്റെ ജനപദങ്ങൾ ജലമെടുത്തു പോയിരിക്കുന്നു. ഞാൻ ഞാൻ എന്നഹങ്കരിച്ചവരും മറ്റും നടുത്തെരുവിൽ ജീവിതം യാചിക്കുന്നു. ഉണ്ട് മടുത്ത വയറുകൾ പട്ടിണിയിലേക്ക് പതിച്ചിരിക്കുന്നു. അതിജീവനത്തിന്റെ ചൂരുള്ള പാട്ടുകൾ പാടേണ്ട നേരമാണ്! കടും തുടികൾ ഉണരേണ്ട നേരം!! നിങ്ങളുടെ മുൻപിലേക്ക് ഞങ്ങൾ നീക്കി വെക്കുന്ന ഏറ്റവും ജീവസ്സുള്ള ഓർമ്മ ഓർക്കാപ്പുറത്ത് ഞങ്ങളെ വിട്ട് മറുലോകത്തേക്കുള്ള വാതിൽ കടന്നു പോയ ഞങ്ങളുടെ കൂടപ്പിറപ്പ് ധന്യയുടെ പേരിലാണ്. അവൾക്ക് വളരെ ഇഷ്ടമായിരുന്നു പാട്ടുകൾ. ഈ വിദ്യാലയത്തിൻറെ വേദികളിൽ ആ കൗമാരക്കാരി സ്വയം മറന്നു പാടിയ പണ്ടത്തെ പാട്ടുകൾ ഇപ്പോഴും ഞങ്ങളെ ചെവിയോർക്കുന്നുണ്ട്. ഇക്കൊല്ലത്തെ ഒത്തുചേരൽ ഒരു പ്രാർത്ഥനയും കൂടിയാണ്: ഒരിക്കലും ഞങ്ങളുടെ കൂടെ ഇനി ചേരാനെത്താത്ത അവൾക്കു വേണ്ടി, അവളെപ്പോലെ, പ്രിയപ്പെട്ടവരെ വിട്ട് പ്രളയം കടന്നു മറഞ്ഞു പോയ, ഇനി വരികയില്ലാത്ത, പേരറിയാത്ത, അനേകർക്ക് വേണ്ടി